ഫെബ്രുവരി 21- ലോക മാതൃഭാഷാ ദിനം. ലോക ജനത അവരവരുടെ മാതൃഭഷയ്ക്കായി നീക്കി വച്ചിരിക്കുന്ന ഒരു ദിനം. ഓരോ ഭാഷയ്ക്കും വ്യത്യസ്തങ്ങളായ നിരവധി സവിശേഷതകളുണ്ടാകും. ഇത്തരം സവിശേഷതകളെ ആഘോഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഐക്യരാഷ്ട്ര സംഘടന ഫെബ്രുവരി 21 ലോക മാതൃ ഭാഷാ ദിനമായി ആഘോഷിക്കുവാൻ തീരുമാനിച്ചത്. ബഹുഭാഷാ പഠന വെല്ലുവളികൾക്കും അവസരങ്ങൾക്കുമായി സാങ്കേതിക വിദ്യയെ ഉപയോഗിക്കുക എന്നുള്ളതാണ് 2022ലെ ലോക മാതൃഭാഷാദിനത്തിൻ്റെ തീം.
1999 നവംബർ 17നാണ് യുനെസ്ക്കോ ലോക മാതൃഭാഷാ ദിനം പ്രഖ്യാപിച്ചത്. ഭാഷയുടെ വൈവിധ്യം, ഭാഷയുമായി ബന്ധപ്പെട്ട സംസ്ക്കാരം എന്നിവയുടെ സംരക്ഷണത്തെക്കുറിച്ച് ആളുകൾക്കിടയിൽ ബോധമുളവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോകത്താകമാനം ഫെബ്രുവരി 21 ലോക മാതൃഭാഷാ ദിനമായി ആഘോഷിക്കുന്നത്. ഇത് 2000ത്തിലെ യുഎൻ ജനറൽ അസംബ്ലിയിൽ ശരിവെയ്ക്കുകയും ചെയ്തു. 2008ൽ ലോക മാതൃഭാഷാ ദിനം ലോകം ആചരിച്ചു.
